കെവിൻ വധക്കേസ്: സസ്പെൻഷനിലായിരുന്ന എസ്ഐ ഷിബുവിനെ ഡിജിപി സർവീസിൽ തിരിച്ചെടുത്തു

single-img
10 January 2020

കോട്ടയത്തുനടന്ന വിവാദമായ കെവിൻ ദുരഭിമാന കൊലക്കേസിൽ സസ്പെൻഷനിലായിരുന്ന എസ്ഐ ഷിബുവിനെ സംസ്ഥാന പോലീസ് സര്‍വ്വീസിൽ ഡിജിപി തിരിച്ചെടുത്തു. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ ഷിബുവിനെതിരെ കോടതിവിധിയിൽ പരാമര്‍ശങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ഷിബു സമര്‍പ്പിച്ച അപേക്ഷയിലാണ് ഇയാളെ തിരിച്ചെടുക്കാൻ തീരുമാനം കൈക്കൊണ്ടത്.

സർവീസിൽ തിരിച്ചെടുത്തു എങ്കിലും ഷിബുവിനെ ക്രമസമാധാന ചുമതലയിൽ നിയമിക്കരുതെന്ന പ്രത്യേക നിബന്ധനയും ഡിജിപിയുടെ ഉത്തരവിലുണ്ട്. മുൻപ് ഷിബുവിനെ പിരിച്ചു വിടാൻ നോട്ടീസ് നൽകിയിരുന്നതാണ് . എന്നാൽ പിന്നീട് എറണാകുളം റെയ്ഞ്ച് ഐജി ഷിബുവിനെ നേരത്തെ സര്‍വ്വീസിൽ തിരിച്ചെടുത്തിരുന്നു .

ഐജിയുടെ നടപടി വിവാദമാകുകയും ഈ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു. അന്ന് ഐജിയുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെവിന്‍റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. കെവിന് മരണം സംഭവിച്ചത് എസ്ഐ ഷിബുവിന്‍റെ കൃത്യ വിലോപം മൂലമാണെന്നാണ് കെവിന്റെ കുടുംബം ആരോപിച്ചത്.