കളിയിക്കാവിള വെടിവെപ്പ് ; പ്രതികള്‍ ആയുധപരിശീലനം നേടിയവര്‍, കൊലപാതകം മുമ്പേ ആസൂത്രണം ചെയ്തു

single-img
10 January 2020

തിരുവനന്തപുരം:കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ചുകൊലപ്പെടുത്തിയവര്‍ ആയുധ പരിശീലനം നേടിയവരാണെന്ന നിഗമനത്തില്‍ തമിഴ്‌നാട് പൊലീസ്. ആക്രമണം നടത്തുന്നതിനായി സ്ഥലം ഉറപ്പിക്കുംമുമ്പ് പ്രദേശത്തെ കുറിച്ച് വ്യക്തമായി ഇവര്‍ പഠിച്ചിരുന്നുവെന്നാണ് പോലിസ് കരുതുന്നത്. പോലിസ് ഡ്യൂട്ടിയിലുള്ള സ്ഥലങ്ങളും ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ഒഴിവാക്കിയാണ് ഇവര്‍ എത്തിയതും തിരിച്ച് രക്ഷപ്പെട്ട് പോയതുമെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് മനസിലാക്കാനായി.

സംഭവത്തിന് മുമ്പ് പ്രതികള്‍ സമീപത്തെ ആരാധാനാലയത്തിന്റെ ഗേറ്റിന് മുമ്പിലെത്തി നിരീക്ഷഇക്കുന്നത് സുരക്ഷാ ക്യാമറകളില്‍ വ്യക്തമായിട്ടുണ്ട്. ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് എഎസ്‌ഐക്ക് നേരെ ഇവര്‍ വെടിയുതിര്‍ത്തത്.ഇവര്‍ വെച്ച മൂന്ന് വെടികളും ഉന്നം തെറ്റിയിരുന്നില്ലെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും പോലിസ് പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.