ജെഎന്‍യുവിലെ ഫീസ് വര്‍ദ്ധന പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍; രേഖാമൂലം ഉറപ്പ് വേണമെന്ന് വിദ്യാര്‍ത്ഥികള്‍

single-img
10 January 2020

ജെഎൻയുവിലെ ഫീസ് വര്‍ദ്ധന പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍. ഇന്ന് എംഎച്ച്ആര്‍ഡിയുമായി നടന്ന വിദ്യാര്‍ത്ഥികളുടെ ചര്‍ച്ചക്കൊടുവിലാണ് സര്‍ക്കാര്‍ ഇത്തരം ഒരു ഉറപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച്ച മുതല്‍ ക്ലാസ് ആരംഭിക്കുമെന്ന് വിസി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഫീസ്‌ വര്‍ദ്ധനയ്ക്കെതിരെ നടക്കുന്ന സമരം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചര്‍ച്ചാ ഫലങ്ങളുമായി എംഎച്ച്ആര്‍ഡിയുടെ സര്‍ക്കുലര്‍ വന്ന ശേഷം സ്റ്റുഡന്റ്‌സ് യൂണിയനുമായി ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഉറപ്പുകള്‍ രേഖാമൂലം കിട്ടിയാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്‍മാറൂവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

തങ്ങള്‍ക്ക് വൈസ് ചാന്‍സ്‍ലറില്‍ വിശ്വാസമില്ല. എബിവിപി നേതാവിനെ പോലെയാണ് വൈസ് ചാന്‍സ്‍ലര്‍ പെരുമാറുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം ജെഎന്‍യുവില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഐഷി ഘോഷ് അടക്കമുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നു.

അക്രമങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിലെ 9 പേരുകള്‍ പോലീസ് പുറത്തുവിട്ടു. ഇതില്‍ ഐഷി അടക്കമുള്ളവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷെ പുറത്തുവിട്ട ചിത്രങ്ങളിൽ രണ്ട് എബിവിപി പ്രവർത്തകര്‍ മാത്രമാണ് ഉള്ളത്. സര്‍വകലാശാലയില്‍ അക്രമം നടക്കുമ്പോള്‍ നോക്കിനിന്ന പോലീസാണ് തങ്ങളെ പ്രതിചേര്‍ത്തിരിക്കുന്നതെന്ന് ഐഷി ഘോഷ് കുറ്റപ്പെടുത്തി.