ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നതിന് സമീപം; മുന്നറിയിപ്പുമായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി

single-img
10 January 2020

മറ്റുരാജ്യങ്ങളുടെ സഹായമില്ലാതെ സ്വന്തമായിതന്നെ ആണവായുധം വികസിപ്പിക്കുന്നതിന് തൊട്ടരികിലാണ് ഇറാനെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി. 2015ല്‍ ഒപ്പിട്ട ആണവായുധ കരാര്‍ ലംഘിക്കുന്ന രീതി ഇനിയും ഇറാന്‍ തുടര്‍ന്നാല്‍ ഇനിയുള്ള ഒന്നോ, രണ്ടോ വര്‍ഷത്തിനുള്ളില്‍ ആണവശക്തി നേടുമെന്ന് മന്ത്രി ജീന്‍ വ്വെസ് ലെ ഡ്രിയാന്‍ പറഞ്ഞു. ഇന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് മുന്നോടിയായി സംസാരിക്കവെയാണ് ലെ ഡ്രിയാന്‍ ഈ ആശങ്ക പങ്കുവെച്ചത്.

കഴിഞ്ഞ ആഴ്ചയില്‍ യുഎസ് ഇറാന്‍ സൈനിക മേധാവിയായ കാസെം സൊലെമാനിയെ വധിച്ചതിന് പിന്നാലെ ആണവകരാറില്‍ നിന്നും പിന്‍വാങ്ങിയ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

എത്രത്തോളം എന്ന് ഇതിന് പരിധികള്‍ നിശ്ചയിക്കാത്തതിനാല്‍ ആയുധങ്ങളുടെ അളവിലേക്ക് ഇത് മാറുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018ല്‍ ആദ്യമായി വിയന്ന കരാറില്‍ നിന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്‍വാങ്ങിയത് മുതല്‍ ടെഹ്‌റാന്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.