ഇടതുപക്ഷവും കോണ്‍ഗ്രസും കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റയ്ക്ക് പോരാടുമെന്ന് മമത

single-img
9 January 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ആസൂത്രണം ചെയ്യാൻ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി. ഈ കാര്യത്തിൽ ഇടതുപക്ഷവും കോണ്‍ഗ്രസും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. പൗരത്വ ഭേദഗതി നിയമം, എൻആർസി എന്നിവയ്ക്കെതിരെ താന്‍ ഒറ്റയ്ക്ക് പോരാടുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ഈ മാസം 13ന് ദല്‍ഹിയില്‍ വച്ച് നടക്കുന്ന യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നും അതിൽ പ്രതിപക്ഷ കക്ഷികളോട് ക്ഷമ ചോദിക്കുന്നെന്നും മമത പറഞ്ഞു.

വകഴിഞ്ഞ ബുധനാഴ്ച്ച ഇടതു പക്ഷ ട്രേഡ് യൂണിയനുകള്‍ രാജ്യമാകെ നടത്തിയ പണിമുടക്കില്‍ പൊതുമുതല്‍ നശിപ്പിച്ചതും ബസുകള്‍ക്കു നേരെ കല്ലേറ് നടന്നതും മമതയെ പ്രകോപിപ്പിച്ചിരുന്നു. കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് നിയമസഭയില്‍ മമതയോട് സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഈ നിയമങ്ങൾക്കെതിരെ താന്‍ വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും ഇതില്‍ പ്രമേയം പാസാക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു മമതയുടെ പ്രതികരണം.

തിങ്കളാഴ്ച്ച നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇടതുപക്ഷ കക്ഷികളും പങ്കെടുക്കും.