ജെഎന്‍യു ചര്‍ച്ച പരാജയം: വിദ്യാര്‍ത്ഥികളുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

single-img
9 January 2020

അതീവ സുരക്ഷാ മേഖലയായ രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുനടത്തി ജെഎൻയു വിദ്യാര്‍ത്ഥികള്‍. എന്നാല്‍ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍സംഘര്‍ഷം ഉണ്ടാവുകയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ചെയ്തു. ഇതില്‍ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.

സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരുമായാണ് മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറി ചര്‍ച്ച നടത്തിയത്. തങ്ങളുടെ ആവശ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനിന്നു.

പക്ഷെ ഇവ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. അതോടുകൂടി ചര്‍ച്ച പരാജയപ്പെട്ടുവെന്ന് ഐഷി ഘോഷ് വിദ്യാര്‍ത്ഥികളെ അറിയിക്കുകയും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ അവര്‍ ആഹ്വാനം ചെയ്യുകയും ചെയ്യുകയായിരുന്നു.