അനുഗ്രഹീതൻ ആന്റണിയിലെ ‘ബൗ ബൗ’ വീഡിയോ സോംഗ് ഫഹദ് ഫാസിൽ പുറത്തിറക്കി

single-img
9 January 2020

ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ­ ബാനറിൽ എം ഷിജിത്ത് നിർമിച്ചു നവാഗതനായ പ്രിൻസ് ജോയ് സംവിധായകനായ അനുഗ്രഹീതൻ ആന്റണിയിലെ ‘ബൗ ബൗ’ എന്ന ഗാനത്തിന്റെ ഒഫീഷ്യൽ വീഡിയോ ഫഹദ് ഫാസിൽ പുറത്തിറക്കി. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഫഹദ് ഫാസിൽ ഒഫീഷ്യൽ വീഡിയോ പുറത്തിറക്കിയത്.ടോപ്­ സിങ്ങർ ഫെയിം അനന്യ ദിനേശും കൗശിക് മേനോനും ചേർന്നാണ് ‘ബൗ ബൗ’ എന്ന ഈ കൗതുകമുണർത്തുന്ന ഗാനം പാടിയിരിക്കുന്നത്. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയിനിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്. കുടുംബ പ്രേക്ഷകർക്കിടയിൽ താരമായ അനന്യയുടെ ശബ്ദത്തിൽ പുറത്തു വന്ന ഗാനം കൗശിക് മേനോൻ എന്ന സുപ്രസിദ്ധ തെന്നിന്ത്യൻ ഗായകന്റെ ശബ്ദ മികവിനാലും സമ്പന്നമാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ താരമായ കുരുന്ന് പ്രതിഭയാണ് അനന്യ ദിനേശ്. അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന നിർവഹിച്ചിരിക്കുന്നത­് മനു മഞ്ജിത്താണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തു­ന്നത്.

റെക്സ് -ബെല്ല എന്നീ വിളിപ്പേരുള്ള രണ്ട് നായകളും ‘ബൗ ബൗ’ എന്ന ഈ ഗാനത്തിന്റെ ഒരു സവിശേഷതയാണ്. സിനിമയിൽ സുപ്രധാനമായ ഒരു ഭാഗം ചെയ്യുന്ന റെക്സും ബെല്ലയും ഒരു മാസത്തിലധികം നീണ്ട് നിന്ന പരിശീലനത്തിന് ശേഷമാണ് അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായത്. ഇതാദ്യമായല്ല ഇവർ കാമറക്ക് മുന്നിലെത്തുന്നത്. വിക്കി എന്ന ഷോർട് ഫിലിമിൽ ഇവർ ഒരു ഭാഗമായിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനം പ്രേക്ഷകർക്കിടയിൽ വളരെപെട്ടന്നാണ് ശ്രദ്ധനേടിയത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിലും, പ്രത്യേകിച്ച് കുട്ടികൾക്കിടയിലും ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ കാമിനി എന്ന ഗാനം നാല് മില്യനോളം ആളുകളാണ് കണ്ടത്.

ജിഷ്ണു സ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട് ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്. 2020 ജനുവരിയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിൽ ആണ്.