പണിമുടക്ക് ദിനത്തില്‍ 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം

single-img
8 January 2020

കണ്ണൂര്‍: ദേശീയ പണിമുടക്ക് ദിനത്തില്‍ ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. നെടുംപൊയില്‍ പുത്തന്‍പുരയില്‍ അമൃത(25)യാണ് ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണ് ജനിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വൈശാഖിന്റെ ഭാര്യ അമൃതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് ഓട്ടോറിക്ഷയില്‍ തലശേരി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ഇടയാറിലെത്തിയപ്പോള്‍ യുവതിയുടെ ആരോഗ്യനില മോശമാകുകയും മറ്റുവാഹനങ്ങള്‍ക്കായി നോക്കിയെങ്കിലും ലഭിച്ചില്ല.

അപ്പോഴാണ് 108 ആംബുലന്‍സിന്റെ സഹായം തേടിയത്. പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സ് ഉടനെത്തി. അമൃതയുടെ ആരോഗ്യനില മോശമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഹണി ഇവരെ ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ ഇവരുമായി ആംബുലന്‍സ് ആശുപത്രിയിലേക്ക് യാത്ര പുറപ്പെട്ടെങ്കിലും ആരോഗ്യനില വീണ്ടും വഷളായതിനാല്‍ ആംബുലന്‍സില്‍ തന്നെ മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്രസവ സൗകര്യം ഒരുക്കുകയും ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പിന്നീട് അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സ് പൈലറ്റ് ധനേഷ് കൂത്ത് പറമ്പ് ആശുപത്രിയിലെത്തിച്ചു. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.