പൌരത്വ ഭേദഗതി നിയമം: സുപ്രീം കോടതി വളപ്പില്‍ ഭരണഘടന വായിച്ച് പ്രതിഷേധവുമായി അഭിഭാഷകര്‍

single-img
7 January 2020

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗക്കെതിരെ പ്രതിഷേധവുമായി സുപ്രീം കോടതിയിലെ അഭിഭാഷകരും രംഗത്തെത്തി. ഇന്ന് വൈകുന്നേരത്തോടെ സുപ്രീം കോടതി വളപ്പില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചാണ് ഒരു സംഘം അഭിഭാഷകര്‍ പ്രതിഷേധിച്ചത്. ഇതോടൊപ്പം അവര്‍ ജനങ്ങള്‍ക്ക് ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പികള്‍ വിതരണം ചെയ്യുകയും ചെയ്തു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ സജ്ഞയ് പരേഷ്, പ്രശാന്ത് ഭൂഷന്‍, കാമിനി ജൈശ്വാള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇതോടൊപ്പം തന്നെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ആക്രമത്തിനെതിരെയും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ വിമര്‍ശിച്ചു.

ആക്രമണ വിഷയത്തില്‍ കൃത്യ സമയത്ത് ഇടപെടാത്ത ഡല്‍ഹി പോലീസ് വിഷയത്തില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കണമെന്നും ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.