കുട്ടനാട് സീറ്റില്‍ കേരള കോൺഗ്രസില്‍ തര്‍ക്കം; കുഞ്ഞാലിക്കുട്ടിയെ മധ്യസ്ഥനാക്കി യുഡിഎഫ്

single-img
7 January 2020

തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റിനെച്ചൊല്ലിയുള്ള കേരള കോൺഗ്രസിലെ തര്‍ക്കം തീര്‍ക്കാൻ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് മധ്യസ്ഥനാക്കി. തർക്കം അവസാനിപ്പിക്കാൻ കേരളാ കോൺ ഗ്രസിലെ പിജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ വഴങ്ങുന്നില്ലെങ്കിൽ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും എന്നാണ് സൂചന. അതേസമയം കുട്ടനാട് സീറ്റിൽ ഒരു കാരണവശാലും വിട്ടുവീഴ്ചയിക്കില്ലെന്ന് നിലപാടിലാണ് ജോസഫ് , ജോസ് പക്ഷങ്ങള്‍ .

ഈ സീറ്റിൽ കഴിഞ്ഞ തവണ സ്ഥാനാര്‍ഥിയായിരുന്ന ജേക്കബ് എബ്രഹാമിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്‍റെ ആവശ്യം. എന്നാൽ ഈ നിർദ്ദേശം തള്ളി ജോസ് കെ മാണി പക്ഷം ചരല്‍ക്കുന്നിലെ യോഗത്തിൽ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ കുഞ്ഞാലിക്കുട്ടി നടത്തുന്ന ചര്‍ച്ചകളിലും ഇരു പക്ഷവും വഴങ്ങുന്നില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ നടന്നതുപോലെ പാലാ ആവര്‍ത്തിക്കാൻ അനുവദിക്കില്ലെന്ന് ഇരുവിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ പകരം പുനലൂര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കും എന്നാണ് ധാരണ.