ടിക്കറ്റ് കൊടുക്കവേ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണു; വനിതാ കണ്ടക്ടറുടെ തലയ്ക്ക് ഗുരുതര പരിക്ക്

single-img
7 January 2020

യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കവേ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച് വീണ് വനിതാ കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടറായ വര്‍ക്കല സ്വദേശിനി സ്‍മിത(38)യ്ക്കാണ് പരുക്കേറ്റത്. ഇവർ ടിക്കറ്റ് കൊടുത്തുകൊണ്ടിരുന്നപ്പോൾ ബസിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് റോഡിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപം താമരക്കുളത്ത് വെച്ചായിരുന്നു അപകടം.

മെഡിക്കല്‍ കോളേജില്‍ നിന്നും കോവൂര്‍ വഴി വര്‍ക്കലയിലേക്ക് പോകുകയായിരുന്ന ബസിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ യാത്രക്കാരോട് സുരക്ഷിതരായി നില്‍ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് മുന്‍വശത്തെ വാതിലിന്റെ ഭാഗത്തുനിന്ന് ടിക്കറ്റ് കൊടുക്കുകയായിരുന്ന സ്‍മിത. ഈ സമയം യാദൃശ്ചികമായി ബസിന്‍റെ വാതില്‍ തുറന്ന് പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു.

വെളിയിലേക്ക് വീണപ്പോൾ തലക്ക് ഗുരുതരമായി പരുക്കേറ്റ കണ്ടക്ടറെ ഉടന്‍തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.