പ്രളയ ദുരന്തം: കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908.56 കോടി അനുവദിച്ച് അമിത് ഷാ

single-img
6 January 2020

വിവിധ സംസ്ഥാനങ്ങൾക്കുള്ള പ്രളയ ധനസഹായത്തില്‍ കേരളത്തെ തഴഞ്ഞ് കേന്ദ്രം. 2019ലുണ്ടായ ശക്തമായ പ്രളയവുമായി ബന്ധപ്പെട്ട് കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് 5908.56 കോടി അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു. പ്രളയക്കെടുതി നേരിട്ട ഹിമാചല്‍ പ്രദേശ്, അസം, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, യുപി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സഹായം അനുവദിച്ചത്.

ശക്തമായ പ്രളയം, മണ്ണിടിച്ചില്‍, മേഘവിസ്ഫോടനം എന്നിവമൂലം ഉണ്ടായ ദുരിതങ്ങള്‍നേരിടാനാണ് ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി 2101 കോടി ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ കത്തിനെ തുടർന്ന് കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിന് സഹായം അനുവദിക്കാത്തതിന്റെ കാരണം വ്യക്തമല്ല.

ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് യഥാക്രമം അസമിന് 616.63 കോടി, ഹിമാചല്‍ പ്രദേശിന് 284.93 കോടി, കര്‍ണാടകത്തിന് 1869.85 കോടി, മധ്യപ്രദേശിന് 1749.73 കോടി, മഹാരാഷ്ട്രയ്ക്ക് 956.93 കോടി, ത്രിപുരയ്ക്ക് 63.32 കോടി, ഉത്തര്‍പ്രദേശിന് 367.17 എന്നിങ്ങനെയാണ് കേന്ദ്ര സഹായം അനുവദിക്കാന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തിട്ടുള്ളത്.