പൗരത്വഭേദഗതി ക്യാമ്പയിന്‍; നാസര്‍ഫൈസി കൂടത്തായി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപി

single-img
6 January 2020

കോഴിക്കോട്- പൗരത്വഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തുന്ന വീട് സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് ലഘുലേഖ സ്വീകരിച്ച് എസ്.കെ എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ നാസര്‍ഫൈസി കൂടത്തായി. നാസര്‍ഫൈസി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ബിജെപി വ്യാപകമായി പ്രചരിച്ചതോടെ നേതാവിനെതിരെ വന്‍ പ്രതിഷേധവുമായി മുസ്ലിംസമുദായത്തിലെ പ്രമുഖര്‍ രംഗത്തെത്തി. നാടാകെ പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുമ്പോള്‍ മുതിര്‍ന്ന സമസ്താ നേതാവില്‍ നിന്ന് ഇത്തരമൊരു നടപടിയുണ്ടായതിനെ പലരും വിമര്‍ശിച്ചു.

അതേസമയം വീട്ടിലേക്ക് കയറിവന്നവരോട് കാണിക്കേണ്ട മര്യാദമാത്രമാണ് കാണിച്ചതെന്ന് വിശദീകരിച്ച് നാസര്‍ഫൈസിയും രംഗത്തെത്തി. അതേസമയം ഫോട്ടോ എടുത്ത് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ബിജെപി ഉറപ്പുതന്നതായും അദേഹം പറഞ്ഞു. ബിജെപിയുടേത് തികച്ചും വഞ്ചനാപരമായ നടപടിയാണെന്നും ഫാഷിസത്തോട് ഒത്തുതീര്‍പ്പില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും അദേഹം പ്രതികരിച്ചു. ഇന്നലെയാണ് പൗരത്വഭേദഗതിക്ക് അനുകൂലമായ പ്രചരണം ബിജെപി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ അദേഹം ശക്തമായി വിയോജിച്ച് സംസാരിച്ചത് ഇന്നലെ വന്‍ വാര്‍ത്തയായിരുന്നു.