പ്രതിഷേധങ്ങള്‍ക്ക് ഫലം; ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി

single-img
6 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ വൈദ്യ പരിശോധനകൾക്കായി ദില്ലി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. തടവിലായിരുന്ന ആസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 21 ന് ദില്ലി ജമാ മസ്ജിദിൽ നടന്ന ജനകീയ പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖ‍ർ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ഡിസംബര്‍ 21 ന് ആസാദിന്‍റെ ജാമ്യം നിരസിച്ച ദില്ലി കോടതി ഇദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നിലവിൽ തിഹാർ ജയിലിൽ റിമാന്റിലായിരുന്ന ആസാദിന്റെ ആരോഗ്യനില മോശമായിട്ടും അധികൃതർ ചികിത്സ നിഷേധിക്കുകയാണെന്ന് പരാതി ഉയരുകയും രാജ്യത്ത് ആസാദിന് വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ വരികയും ചെയ്തിരുന്നു.