ഭർത്താവ് കടം വാങ്ങിയ പണം ആളുകൾ തിരികെ ആവശ്യപ്പെട്ടു; 39 പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി നൽകി യുവതി

single-img
5 January 2020

യുപിയിലെ ബറേലിയിൽ 39 പേർ ചേർന്ന് യുവതിയെ പീഡിപ്പിച്ചതായി പരാതി. യുവതിയുടെ തന്നെ ​ഗ്രാമത്തിൽനിന്നുള്ളവരാണ് പീഡിപ്പിച്ചതെന്ന് കാട്ടി, തിരിച്ചറിയാത്ത 35 പേരുൾപ്പടെ 39 ആളുകൾക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

യുവതിക്കെതിരെ ആരോപണവുമായി തിരിഞ്ഞിരിക്കുകയാണ്‌ ഇവിടെ നാട്ടുകാർ. ഈ യുവതി പീഡനമാരോപിച്ച് നേരത്തെയും ​ഗ്രാമത്തിൽനിന്നുള്ളവർക്കെതിരെ ഇതുപോലെ പരാതി നൽകിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് കടം വാങ്ങിയ പണം ആളുകൾ തിരികെ ആവശ്യപ്പെട്ടതോടെയാണ് പീഡനപരാതിയുമായി രംഗത്തെത്തിയതെന്നും നാട്ടുകാർ പറഞ്ഞു.

ഗ്രാമവാസികൾക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് യുവതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരാതിയിൽ യുവതി ചൂണ്ടിക്കാട്ടിയവരിൽ നിന്നായി ഏകദേശം രണ്ടര ലക്ഷത്തോളം രൂപ യുവതിയുടെ ഭർത്താവ് കടം വാങ്ങിച്ചിരുന്നതായി ഗ്രാമമുഖ്യനായ അജയ് കുമാർ പറയുന്നു. അമിതമായി മദ്യപിക്കുന്ന യുവതിയുടെ ഭര്‍ത്താവ് നിരവധി പേരില്‍ നിന്നായി പണം കടം വാങ്ങിയിട്ടുണ്ട്.

കിടപ്പാഠമായ വീട് വിറ്റുകിട്ടുന്ന പണം കൊണ്ട് കടം തിരിച്ചുതരാമെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഇതിനിടയിൽ വീട് വിറ്റിരുന്നെങ്കിലും ആളുകൾക്ക് അദ്ദേഹം പണം തിരികെ നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഒന്നിച്ചെത്തി പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടതോടെ യുവതി പീഡന പരാതി നൽകുകയായിരുന്നുവെന്ന് അജയ് കുമാർ പറയുന്നു. അതേസമയം യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിഒ അശോക് കുമാർ പറഞ്ഞു.