ജാമിയ മിലിയ: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെച്ചതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

single-img
5 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേ​ദതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഡൽഹിയിലെ മധുര റോഡിൽ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവച്ചതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ഈ മാസം 15ന് നടന്ന പ്രക്ഷോഭം നിയന്ത്രിക്കാന്‍ വേണ്ടിയാണ് ആകാശത്തേക്ക് വെടിവച്ചതെന്നാണ് പല ഉറവിടങ്ങളേയും ഉദ്ധരിച്ച് വിവിധ മാധ്യ\മങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രക്ഷോഭകാരികളില്‍ നിന്നും പോലീസിന് നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കണ്ടതോടെയാണ് സ്വയ രക്ഷാര്‍ത്ഥം ആകാശത്തേക്ക് വെടിവച്ചത്. സംഭവ സമയം എസിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ മൂന്നു തവണ വെടിയുതിർത്തതായും റിപ്പോർട്ടിൽ പറയുന്നു.

ഡല്‍ഹി സൗത്ത് ഈസ്റ്റ് ജില്ല പോലീസിലെ ഉദ്യോഗസ്ഥർ തയാറാക്കിയ കേസ് ഡയറിയെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പോലീസ് സ്‌റ്റേഷനിലെ ജനറല്‍ ഡയറിയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഉ​ദ്യോ​ഗസ്ഥൻ പറയുകയും ചെയ്തു.

പ്രക്ഷോഭത്തില്‍ പരിക്കേറ്റവരെ പരിശോധിച്ച ഡോക്ടർമാർ വിദ്യാർത്ഥികൾക്ക് വെടിയേറ്റിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പക്ഷെ ഇത് ടിയര്‍ ഗ്യാസ് പൊട്ടിയതുമൂലമുള്ളതാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് പോലീസിന്‍റെ തന്നെ റിപ്പോർട്ട് പുറത്തായിരിക്കുന്നത്.