ബിജെപിയുടെ ജനസമ്പര്‍ക്കം തുടക്കത്തിലേ പാളി ; കേന്ദ്രമന്ത്രിയോട് അതൃപ്തി അറിയിച്ച് ഓണക്കൂര്‍

single-img
5 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി കേരളത്തിലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ അതൃപ്തി അറിയിച്ച് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍. വീടുകള്‍തോറും കയറിയുള്ള ജനസമ്പര്‍ക്ക പരിപാടിക്കായി കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി സംസ്ഥാന ബിജെപി നേതാക്കള്‍ക്കൊപ്പം ജോര്‍ജ്ജ് ഓണക്കൂറിന്റെ വീട്ടിലെത്തിയപ്പോഴാണ് പൗരത്വ നിയമ ഭേദഗതിയില്‍ അദ്ദേഹം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്.

പുതിയ നിയമത്തില്‍ ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കി ആറ് മതങ്ങളെ പൗരത്വ ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തിയ നടപടി ശരിയായില്ലെന്നും ഇതില്‍ മുസ്ലീങ്ങളെ മാത്രം ഒഴിവാക്കിയത് രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിന് എതിരാണെന്നും ജോര്‍ജ്ജ് ഓണക്കൂര്‍ മന്ത്രിയോട് നേരിട്ട് പറഞ്ഞു.

എന്നാല്‍ കേന്ദ്ര നിയമം ഏതെങ്കിലും ഒരു മതത്തിന് എതിരല്ലെന്നും താന്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ കുടിയേറ്റക്കാരായ നല്ല മുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട് എന്നുമായിരുന്നു ഇതിനുള്ള കിരണ്‍ റിജ്ജുവിന്റെ മറുപടി. രാജ്യത്തിന്റെ ജനാധിപത്യത്തില്‍ വിയോജിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പിന്നീട് കിരണ്‍ റിജ്ജു വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അതേപോലെ തന്നെ കേന്ദ്ര നിയമത്തിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.