ദില്ലിയില്‍ ബിജെപിയുടെ ശക്തികേന്ദ്രത്തില്‍ അമിത്ഷാക്ക് ഗോ ബാക്ക് വിളി; ഗൃഹപ്രചരണം നിര്‍ത്തി മടക്കം

single-img
5 January 2020

ദില്ലി: പൗരത്വഭേദഗതിക്ക് അനുകൂലമായ പ്രചരണപരിപാടികള്‍ക്ക് തുടക്കമിട്ട് ദല്‍ഹിയില്‍ ബിജെപി നടത്തിയ ഗൃഹസന്ദര്‍ശക പരിപാടിക്ക് വന്‍ തിരിച്ചടി. ദല്‍ഹിയില്‍ ബിജെപിയുടെ ശക്തികേന്ദ്രമായ ലജ്പത് നഗറില്‍ ചണ്‍ഡിസബസാറില്‍ അമിത്ഷാ വീട് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സ്ത്രീകള്‍ ഗോബാക്ക് വിളിച്ച് പ്രതിഷേധിച്ചു. പൗരത്വഭേദഗതിക്ക് എതിരെ ബോധവത്കരണത്തിന എത്തിയ അമിത്ഷാ യുവതികള്‍ ശക്തമായി ഗോബാക്ക് വിളിച്ചതോടെ ഗൃഹസന്ദര്‍ശനം ഒഴിവാക്കി കൈവീശി നടന്നുപോകുകയായിരുന്നു.

രണ്ട് യുവതികളുടെ നേതൃത്വത്തിലുള്ള കോളനിവാസികള്‍ ആഭ്യന്തരമന്ത്രിയെ കൂകി വിളിക്കുകയും ഗോബാക്ക് വിളിക്കുകയുമായിരുന്നു. വെള്ളത്തുണിയില്‍ ചായം ഉപയോഗിച്ച് ഗോബാക്ക് എന്ന് എഴുതി വീടുകള്‍ക്ക് മുകളിലൂടെ താഴേക്ക് വിരിച്ചിടുകയും ചെയ്തിരുന്നു. ആദ്യം അമിത്ഷാ ഒരു വീട്ടില്‍ കയറിയെങ്കിലും പിന്നീട് ബിരുദ്ധ വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഗോബാക്ക് വിളിച്ചതോടെ തിരിച്ചുപോകുകയായിരുന്നു. കേരളത്തിലും സമാന അനുഭവമാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്.