എ കെ ശശീന്ദ്രന്‍ മാറി മാണി സി കാപ്പന്‍ മന്ത്രിയാകുമോ? അണിയറയില്‍ ചര്‍ച്ചകള്‍ മുറുകുന്നു

single-img
4 January 2020

കേരളാ മന്ത്രിസഭയില്‍ അടുതുതന്നെ ഒരു മാറ്റം ഉണ്ടാകുമോ എന്‍സിപിയില്‍ നിന്നും എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. പലരീതിയില്‍ അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ ഇന്ന് മന്ത്രി എകെ ശശീന്ദ്രന്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി മുംബൈയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. സംസ്ഥാന മന്ത്രിസഭയില്‍ എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശരത് പവാറുമായുള്ള കൂടിക്കാഴ്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

അതേസമയം അടുത്ത മാസം മന്ത്രിയെ മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമാകുമെന്ന് എന്‍സിപി ദേശീയ നേതൃത്വം അറിയിച്ചു. നിലവില്‍ മന്ത്രിയായ ശശീന്ദ്രനെ മാറ്റി മാണി സി കാപ്പനെ മന്ത്രിയാക്കാനുള്ള നീക്കം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേപോലെ തന്നെ മാണി സി കാപ്പനെ മന്ത്രിയാക്കുന്നതില്‍ നേതാക്കളുടെ അഭിപ്രായം അറിയാന്‍ മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലിനെ കേരളത്തിലേക്കയക്കാനാണ് ശരത് പവാറിന്റെ തീരുമാനം.

അതേസമയം മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാനല്ല മകന്റെ കല്ല്യാണത്തിന് ശരത് പവാറിനെ ക്ഷണിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് എകെ ശശീന്ദ്രന്‍ പറഞ്ഞത്.