ഭരണഘടനയുടെ ആമുഖം അച്ചടിച്ച പുതുവത്സര കാര്‍ഡുകള്‍; യുപിയിലെ ഒരു ലക്ഷം പേര്‍ക്ക് അയച്ച് പ്രിയങ്ക ഗാന്ധി

single-img
4 January 2020

യുപിയിലെ ഒരു ലക്ഷം പേര്‍ക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അച്ചടിച്ച പുതുവത്സര കാര്‍ഡുകള്‍ അയച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ ബുദ്ധിജീവികള്‍, എഴുത്തുകാര്‍, കവികള്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രിയങ്ക ഗാന്ധി തന്റെ ഒപ്പോടുകൂടിയാണ് കാര്‍ഡുകള്‍ അയക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയോടുള്ള ഉത്തരവാദിത്വം ഓര്‍മ്മിച്ചിച്ചു കൊണ്ടാണ് കാര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഈ കാർഡുകൾ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം എല്ലാവരിലും എത്തിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് പ്രിയങ്ക ഗാന്ധി യുപിയുടെ സംഘടന ഉത്തരവാദിത്വമുള്ള ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്തത്.

ഉത്തർപ്രദേശിൽ നടക്കുന്ന പല വിഷയങ്ങളിലും യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ശക്തമായ പ്രതികരണം പ്രിയങ്ക ഗാന്ധി നടത്താറുണ്ട്. അടുത്തിടെ സംസ്ഥാനത്തെ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയിരുന്നു. അതേപോലെ തന്നെ പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളില്‍ പ്രിയങ്ക ഗാന്ധി മുന്‍നിരയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഭരണഘടനയുടെ ആമുഖം പ്രിയങ്ക ഗാന്ധി വായിച്ചിരുന്നു.