പൗരത്വ ഭേദഗതി നിയമത്തിനെതിരെ ‘മനുഷ്യ ഭൂപട പ്രക്ഷോഭം’ നടത്താന്‍ യു ഡിഎഫ്

single-img
3 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ മനുഷ്യ ഭൂപട പ്രക്ഷോഭം നടത്താന്‍ യു ഡിഎഫ് തീരുമാനം. ഇന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഇതിന്റെ ഭാഗമായി ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തില്‍ മനുഷ്യ ഭൂപട പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് മനുഷ്യ ഭൂപടങ്ങള്‍ നിര്‍മ്മിക്കും.

ഇതിനുവേണ്ടി വിഡി സതീശന്‍, വികെ ഇബ്രാഹിംകുഞ്ഞ് എന്നിവരടങ്ങുന്ന സമിതിയെ ചുതലപ്പെടുത്തിയതായും ബെന്നി ബെഹനാന്‍ അറിയിച്ചു. മാത്രമല്ല, പ്രതിഷേധ ഭാഗമായി മണ്ഡലം തലത്തില്‍ യുഡിഎഫ് ഭരണഘടനാ സംരക്ഷണ സമിതികള്‍ രൂപീകരിക്കും.കേരളത്തിൽ ഗവര്‍ണര്‍ പദവിയുടെ മാന്യതയും അന്തസ്സും ഉള്‍ക്കൊള്ളാതെ ആരിഫ് മുഹമ്മദ്ഖാന്‍ നടത്തുന്ന പ്രസ്താവനകള്‍ ഭരണഘടനാ പദവി വഹിക്കുന്ന ആളിന് ഭൂഷണമല്ലെന്നും യുഡിഎഫ് യോഗം കുറ്റപ്പെടുത്തി.