പ്ലാസ്റ്റിക്നിരോധനം; കെട്ടിക്കിടക്കുന്നത് 1200 കോടിയുടെ ഉല്‍പ്പന്നങ്ങള്‍,സമരം പ്രഖ്യാപിച്ച് വ്യവസായികള്‍

single-img
3 January 2020

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം ജനുവരി ഒന്നുമുതല്‍ നടപ്പിലാക്കിയപ്പോള്‍ പ്രതിസന്ധിയിലായത് തങ്ങളാണെന്ന് പ്ലാസ്റ്റിക് നിര്‍മാണ,വില്‍പ്പന വ്യാപാരികള്‍. മുന്നൊരുക്കങ്ങളില്ലാതെ നിരോധനം നടപ്പാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതേതുടര്‍ന്ന് ഫാക്ടറികളില്‍ അടക്കം 1200 കോടിരൂപയുടെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണ്.

ഒരുലക്ഷത്തില്‍പരം പേര്‍ ജോലിയെടുക്കുന്ന പ്ലാസ്റ്റിക് വ്യവസായമേഖലയില്‍ പലരും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുവെന്നും വ്യവസായികള്‍ ആരോപിച്ചു. 540 കോടി രൂപയാണ് വ്യവസായികള്‍ ഒരുവര്‍ഷം സര്‍ക്കാരിന് നികുതിയിനത്തില്‍ മാത്രം നല്‍കുന്നത്. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയ സര്‍ക്കാരിനെതിരെ സത്യാഗ്രഹസമരം അടക്കമുള്ള പ്രതിഷേധങ്ങള്‍ നടത്തുമെന്ന് പ്ലാസ്റ്റിക് മാനുഫാക്ച്ചറിങ് അസോസിയേഷന്‍ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ജനുവരി 9ന് നിക്ഷേപകസംഗമം നടത്തുന്ന വേദിയുടെ മുമ്പില്‍ സമരം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.