ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാൽ ഈ സമരം ചെയ്യുന്ന കൂട്ടർ ബാക്കിയുണ്ടാവില്ല; പ്രകോപനവുമായി ബിജെപി എംഎല്‍എ

single-img
3 January 2020

രാജ്യമാകെ പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗവുമായി കര്‍ണാടക ബിജെപി എംഎല്‍എ സോമശേഖര റെഡ്ഡി. നിയമത്തെ എതിർക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്നും ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കുന്നതിനു പരിധിയുണ്ടെന്നും ബെല്ലാരി എം എൽ എയായ അദ്ദേഹം പറഞ്ഞു. ഇവിടെ ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാൽ ഇപ്പോൾ സമരം ചെയ്യുന്ന കൂട്ടർ ബാക്കിയുണ്ടാവില്ല. പൊതു വാഹനങ്ങൾക്ക് തീയിടുന്നവരുടെ സ്വത്ത്‌ കത്തിക്കാൻ തങ്ങൾക്ക് അറിയാമെന്നും റെഡ്ഡി മുന്നറിയിപ്പ് നൽകി.

“നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇവര്‍ വെറും അഞ്ച് ശതമാനമേയുള്ളു. കോണ്‍ഗ്രസിലുള്ള മണ്ടന്മാര്‍ നിങ്ങളോട് കള്ളം പറയുകയാണ്. കോൺഗ്രസ് പറയുന്നത് വിശ്വസിച്ച് നിങ്ങള്‍ തെരുവിലേക്കും വരുന്നു. ഇവിടെ ഞങ്ങളാണ് 80 ശതമാനവും, നിങ്ങള്‍ വെറും 17 ശതമാനമേയുള്ളു. അങ്ങിനെയിരിക്കെ ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ എന്താകും അവസ്ഥ?”- കർണാടകയിൽപൗരത്വഭേദഗതിയെ പിന്തുണച്ച് ബിജെപി നടത്തിയ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ സോമശേഖര റെഡ്ഡി പറയുകയായിരുന്നു.

തന്റെ പേരെടുത്തു പറയാതെയുള്ള പരാമര്‍ശങ്ങള്‍ മുസ്ലീംകള്‍ക്കെതിരെയാണെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തുള്ള 80 ശതമാനം ഹിന്ദുക്കളും 20 ശതമാനം മുസ്ലീംകളും എന്നു തന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.