ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒമര്‍ ലുലു ചിത്രം ‘ധമാക്ക’

single-img
3 January 2020

പ്രേക്ഷകരെ രസിപ്പിക്കുവാനുള്ള സംവിധായകന്‍ ഒമര്‍ ലുലുവിന്റെ കഴിവിനെ പൂര്‍ണമായും വരച്ചുകാട്ടുന്ന ചിത്രമാണ് ന്യൂ ഇയര്‍ റിലീസായി തീയേറ്ററുകളിലെത്തിയ ധമാക്ക.ഓരേ സമയം യുവത്വത്തിന്റെ ആഘോഷവും സാമൂഹിക പ്രസക്തമായ വിഷയവും ചിത്രം കൈകാര്യം ചെയ്തിരിക്കുന്നു.ക്യാംപസ് ജീവിതം കഴിഞ്ഞുള്ള യുവാക്കളുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്.

ബി ടെക് കഴിഞ്ഞ് ജോലിയില്ലാതെ നടക്കുന്ന ചെറുപ്പക്കാരന്‍ കോടീശ്വരിയായ രണ്ടാം കെട്ടുകാരിയെ വിവാഹം ചെയ്യുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഇവരുടെ കുടുംബ പശ്ചാത്തലവും ദാമ്പത്യ ജീവിതവും ഹാസ്യത്തില്‍ കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നു. തമാശയും ആഘോഷവും മാത്രമല്ല യുവാക്കളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളും കൃത്യമായ ധാരണകളില്ലാതെ ചികിത്സാ കുരുക്കുകളില്‍ ചെന്നു പെടുന്ന സാധാരക്കാരുടെ അവസ്ഥയും, മനുഷ്യന്റെ നിസഹായാവസ്ഥയെ ചൂഷണം ചെയ്യുന്ന സ്വകാര്യ വ്യാജ ചികിത്സാ രീതികളെയും ചിത്രം തുറന്നു കാട്ടുന്നു.

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ അരുണ്‍ തന്റെ ആദ്യ നായകവേഷം ഗംഭീരമാക്കി. നിക്കില ഗല്‍റാണിയാണ് നായിക. ധര്‍മ്മജനും, ഉര്‍വശിയും, മുകേഷും, ഹരീഷ് കണാരനും,സലിം കുമാറും വില്ലന്‍ വേഷത്തിലെത്തിയ സാബു മോനും തങ്ങളുടെ കഥാപാത്രങ്ങളില്‍ മികവു പുലര്‍ത്തി.

ചിത്രത്തിന്റെ ആഘോഷം പ്രേക്ഷകരിലേക്കും പകര്‍ന്ന് തരുന്ന സംഗീതമൊരുക്കി ഗോപീ സുന്ദറും തന്‌റെ പതിവ് തെറ്റിച്ചില്ല. ഗുഡ്‌ലൈന്‍ പ്രൊഡക്ക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. എല്ലാത്തരം പ്രക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമായാണ് സംവിധായകന്‍ ഒമര്‍ ലുലു ധമാക്ക ഒരുക്കിയിരിക്കുന്നത്.