പൗരത്വ ഭേദഗതി നിയമം; ലോകം ഇന്ത്യയ്‌ക്കെതിരെ തിരിയും; മുന്നറിയിപ്പുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

single-img
3 January 2020

കേന്ദ്ര സർക്കാർ പൗരത്വ നിയമത്തില്‍ ഭേഗദതി വരുത്തിയശേഷം ഇപ്പോൾ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ വിയോജിപ്പുമായി മുന്‍ വിദേശകാര്യ സെക്രട്ടറിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശിവശങ്കര്‍ മേനോന്‍. കേന്ദ്ര സർക്കാർ നടത്തുന്ന ഈ നീക്കത്തിലൂടെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെടുമെന്നും വിദേശ നയങ്ങളുമായി ബന്ധപ്പെട്ട് വലിയ തിരിച്ചടികള്‍ക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

അതേസമയം നിലവിൽ നിയമത്തിനെതിരെ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുണ്ടാകുന്ന വിമര്‍ശന ശബ്ദങ്ങള്‍ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നിയമം നടപ്പിലാക്കിയാല്‍ ഇന്ത്യയെക്കുറിച്ച് മറ്റ് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ഇന്നേവരെയുള്ള ചിത്രം തന്നെ മാറിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നീക്കത്തിലൂടെ ഇന്ത്യ സ്വയം ഒറ്റപ്പെടുകയാണ്. ലോക വ്യാപകമായി ഇന്ത്യയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്.

ഇപ്പോൾ തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ചുള്ള ധാരണകള്‍ പാടെ മാറിയിട്ടുണ്ട്. നമ്മുടെ സൗഹൃദ രാഷ്ട്രങ്ങള്‍പോലും പരിഭ്രാന്തിയിലാണ്- ശിവശങ്കര്‍ മേനോന്‍ പറഞ്ഞു.

അയൽ രാജ്യമായ‘പാകിസ്താനുമായുള്ള ബന്ധത്തില്‍ സമീപ വര്‍ഷങ്ങളായി നമുക്കുണ്ടായിരുന്ന പ്രതിഛായയില്‍ കോട്ടംതട്ടിക്കഴിഞ്ഞു. ഇപ്പോൾ നമ്മള്‍ അസഹിഷ്ണുക്കളായ രാജ്യമായി മാറി’ – അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകവ്യാപകമായി ഇന്ത്യയുടേത്അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമായാണ് കണക്കാക്കപ്പെടുക. നമ്മുടെ രാജ്യത്ത് അന്താരാഷ്ട്ര നിയമങ്ങള്‍ നടപ്പിലാക്കേണ്ടെന്ന് ചിന്തിക്കുന്നവര്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെ ലംഘകരായി കണക്കാക്കപ്പെടുന്നതിന്റെ രാഷ്ട്രീയവും മറ്റ് അനന്തരഫലങ്ങളും നേരിടാനും ബാധ്യസ്ഥരാണ് എന്നും ശിവശങ്കര്‍ മേനോന്‍ ചൂണ്ടിക്കാട്ടി.