കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍; നിയമം ലംഘിച്ചാല്‍ കനത്ത പിഴ

single-img
1 January 2020

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് നിരോധനം ബാധകമാവുക .

വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിരോധനം നീട്ടിവെച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വൈകിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

നിരോധിച്ച പ്ലാസ്റ്റിക്കുകളുടെ നിര്‍മാണമോ വിപണനമോ പാടില്ല. കനത്ത പിഴയാണ് നിരോധനം ലംഘിച്ചാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരിക്കും പിഴ.

പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്, പ്ലാസ്റ്റിക് പതാക , പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ് , പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് ആവരണമുളള ബാഗ്, , പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, 500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫ്‌ളക്സ്, ബാനര്‍ തുടങ്ങിയവയ്ക്കാണ് നിരോധനം.

അതേസമയം ധാന്യങ്ങളും മത്സ്യവും മാംസവും സൂക്ഷിക്കുന്ന
പ്ലാസ്റ്റിക് കവറുകള്‍, ബ്രാന്‍ന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍, വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍, പാല്‍ക്കവര്‍, എന്നിവക്ക് നിരോധനം ബാധകമല്ല.