തമിഴ്നാടും കേരളത്തിനെപോലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണം: എംകെ സ്റ്റാലിൻ

single-img
31 December 2019

പൗരത്വ നിയമ ഭേദഗതി കേന്ദ്രസർക്കാർ റദ്ദാക്കണമെന്ന കേരള നിയമസഭയുടെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. ഇതുപോലെ പ്രമേയം പാസാക്കാൻ തമിഴ്നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ സംസ്ഥാനങ്ങളും ഇത്തരം പ്രമേയം പാസാക്കേണ്ട സ്ഥിതിയാണെന്നും സ്റ്റാലിൻ പറഞ്ഞു. രാജ്യത്തെവിടെയും എന്നപോലെ പൗരത്വഭേദഗതിക്കെതിരെ ലതമിഴ്നാട്ടിലും പ്രതിഷേധം ശക്തമാണ്. നിയമത്തിനെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ ഇന്നലെ പൊതുഇടങ്ങളില്‍ കോലം വരച്ച് പ്രതിഷേധിച്ചിരുന്നു. അതേസമയം തന്നെ പൗരത്വ നിയമഭേദഗതിയുടെ പേരിൽ തമിഴ്നാട്ടിൽ എൻഡിഎയിൽ ഭിന്നത ഉടലെടുത്തു.

പൗരത്വ രജിസ്റ്റർ വിഷയത്തിൽ പാട്ടാളി മക്കൾ കക്ഷി നിലപാട് മാറ്റി. ഇത് തമിഴ്നാട്ടിൽ നടപ്പാക്കരുതെന്ന് പാട്ടാളി മക്കൾ കക്ഷി ആവശ്യപ്പെട്ടു. കേന്ദ്രത്തിനെ പാർലമെന്റിൽ പൗരത്വ ഭേദഗതി ബില്ലിനെ പിഎംകെ നേരത്തെ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ ശ്രീലങ്കൻ തമിഴരുടെ പ്രശ്നങ്ങൾ കാണാതിരിക്കാൻ കഴിയില്ല, അതിനാല്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് പാർട്ടി ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.