ഹൈക്കോടതിയുടെ സ്റ്റേ ഇല്ല; സർക്കാരിന്റെ പ്ലാസ്റ്റിക് നിരോധന ഉത്തരവ് നാളെമുതൽ പ്രാബല്യത്തിൽ

single-img
31 December 2019

പുതുവർഷമായനാളെ മുതൽ കേരളത്തിൽ നിലവിൽ വരുന്ന പ്ലാസ്റ്റിക് നിരോധനത്തിനെതിരെയുള്ള ഹർജിയിൽ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി. സർക്കാരിന്റെ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നോൺ വോവൺ ബാഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ സ്റ്റേ ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. അതേസമയം നോൺ വോവൺ ബാഗുകൾ സംഭരിക്കുന്നവർക്കെതിരായ നടപടികൾ കോടതി വിലക്കി.

പ്ലാസ്റ്റിക് നിരോധനം എന്നത് കേന്ദ്രത്തിന്‍റെ അധികാരപരിധിയിൽ വരുന്നതാണെന്നും ഇത്തരത്തിൽ ഉത്തരവിറക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.സർക്കാർ വളരെ പെട്ടെന്നെടുത്ത തീരുമാനമായതിനാൽ നിരവധി വ്യവസായ സംരഭകരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.

ഹർജിക്കാരുടെ വാദം കണക്കിലെടുത്ത കോടതി ഹർജി പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കാനായി മാറ്റി. ഇനിമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ നിരോധനം നിലവിൽ വരും. ഇതോടൊപ്പം ബ്രാൻഡഡ് വസ്തുക്കളുടെ കവറുകൾ ഉപഭോക്താക്കളിൽ നിന്ന് തിരിച്ചു ശേഖരിക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നോരോധന ശേഷം പ്ലാസ്റ്റികിന് ബദലായി തുണി സഞ്ചി, പേപ്പർ കവ‌ർ എന്നിവ വിപണിയിൽ കൂടുതൽ ലഭ്യമാക്കും. നിയമം ലംഘിക്കുന്നവർക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ. പക്ഷെആദ്യഘട്ടത്തിൽ ശിക്ഷാനടപടി ഉണ്ടാകില്ല.