എല്ലാ ബസുകളിലും വീല്‍ചെയര്‍ ഉൾപ്പെടെ അംഗപരിമിതര്‍ക്ക് സൗകര്യം ഉറപ്പാക്കണം

single-img
31 December 2019

ഇനിമുതൽ രാജ്യത്തെ എല്ലാ ബസുകളിലും അംഗപരിമിതര്‍ക്ക് സൗകര്യം ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്‍താണ് (ജിഎസ്ആര്‍ 959(ഇ)27-12-19) വിജ്ഞാപനം ഇറക്കിയത്. പുതിയ നിയമ പ്രകാരം സീറ്റുകളില്‍ മുന്‍ഗണന, അറിയിപ്പുകള്‍ എന്നിവയ്ക്കു പുറമേ ക്രച്ചസ്/വടി/വാക്കര്‍, കൈവരി/ഊന്ന് എന്നിവ ബസുകളില്‍ നിര്‍ബന്ധമായും ഉണ്ടാകണം.

മാത്രമല്ല വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനാവശ്യമായ സൗകര്യവും ഉറപ്പാക്കണം. സർവീസ്‌തുടങ്ങാൻ ബസുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഈ സൗകര്യങ്ങളുണ്ടോ എന്ന് പരിശോധിക്കും. വിഷയത്തിൽ മന്ത്രാലയം ഈ ജൂലായ് 24-ന് കരട് ചട്ടം പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഈ സമയം ലഭിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വർഷം മാര്‍ച്ച് ഒന്നിന് ചട്ടം പ്രാബല്യത്തില്‍ വരും.