നികുതി വെട്ടിപ്പ് കേസ്: സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി

single-img
31 December 2019

പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി.കേസിൽ മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.

2010ലായിരുന്നു സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പോണ്ടിച്ചേരിയിൽ രജിസ്റ്റര്‍ ചെയ്തത്. അതിനായി പുതുച്ചേരിയില്‍ താമസിച്ചുവെന്നതിനു വ്യാജ രേഖകളും നിർമ്മിക്കുകയുണ്ടായി. അന്വേഷണ സംഘത്തിന് മുൻപാകെ സുരേഷ് ഗോപി ഹാജരാക്കിയ വാടകക്കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. പോണ്ടിച്ചേരിയിൽ സുരേഷ് ഗോപി താമസിച്ചുവെന്നു പറയുന്ന അപ്പാര്‍ട്‌മെന്റിന്റെ ഉടമകള്‍ ഇതുവരെ അദ്ദേഹത്തെ നേരില്‍ക്കണ്ടിട്ടില്ലെന്നു മൊഴി നല്‍കി.

അതുപോലെ തന്നെ അപ്പാര്‍ട്‌മെന്റിലെ അസോസിയേഷന്‍ ഭാരവാഹിയും ഇതേ കാര്യം തന്നെയാണ് അന്വേഷണ സംഘത്തോടു പറഞ്ഞത്. വിലാസത്തിൽ രേഖകള്‍ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകന്‍ തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചതെന്നും മൊഴി നല്‍കി. നിലവിലെ നിയമ പ്രകാരംഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.