യുവതിയെ മാനഭംഗപ്പെടുത്തിയശേഷം ആഭരണങ്ങൾ കവർന്നു; പ്രതിക്ക് 34 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും

single-img
31 December 2019

യുവതിയെ പീഡിപ്പിച്ച ശേഷം ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്ക് 34 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് വെളിത്തറ പണിക്കർവേലി വീട്ടിൽ നജ്മലിനെ (25)യാണ് ആലപ്പുഴ അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോര്‍ട്ട് ജഡ്ജ് പി എന്‍ സീത ശിക്ഷിച്ചത്. 2011 ന് ജനുവരി നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്.

ഭവനഭേദനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗ ശ്രമം, സ്വര്‍ണാഭരണ മോഷണം, പ്രതിയുടെ ശരീരത്തിൽ ഉണ്ടായ മുറിവുകൾ , ആയുധം കൊണ്ടുള്ള ഉപദ്രവിക്കല്‍, പിടിച്ചുപറി, എന്നിവ വിചാരണ വേളയില്‍ കോടതി പരിഗണിച്ചിരുന്നു. മൂന്ന് മാസങ്ങൾ എടുത്താണ് വിചാരണ പൂര്‍ത്തിയായത്. ആലപ്പുഴ സൗത്ത് സിഐ ഷാജിമോന്‍ ജോസഫ് ആണ് കേസ് അന്വേഷിച്ചത്.

പിഴതുകയായ 1.20 ലക്ഷം രൂപ ക്രൂരകൃത്യത്തിന് ഇരയായ യുവതിക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതിന് മുൻപ് ജാക്വിലിന്‍ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലും റിമാന്‍ഡ് പ്രതിയാണ് നജ്മല്‍. ഈ കേസിൽ വിചാരണ പുരോഗമിച്ചുവരുകയാണ്.