പൗരത്വഭേദഗതി റിപ്പോര്‍ട്ടിങ്; ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

single-img
30 December 2019

പൗരത്വഭേദഗതി സംബന്ധിച്ച് ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു. ജൂനിയര്‍ വികടന്‍ മാസികാ റിപ്പോര്‍ട്ടര്‍ സിന്ധു,ഫോട്ടോഗ്രാഫര്‍ രാംകുമാര്‍ എന്നിവര്‍ക്ക് എതിരെയാണ് കന്യാകുമാരി പൊലീസ് കേസെടുത്തത്. അനുമതിയില്ലാതെയാണ് ഇവര്‍ ക്യാമ്പില്‍ പ്രവേശിച്ചതെന്ന് കാണിച്ച് ക്യാമ്പ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്ത നടപടി എഐഡിഎംകെയുടെ പ്രതികാര നടപടിയാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി പ്രതികരിച്ചു. സത്യം പുറത്ത് കൊണ്ടുവരുന്നവരെ അഴിക്കുള്ളിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇരുവര്‍ക്കും എതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനും രംഗത്തെത്തി.