പൗരത്വ നിയമ പ്രതിഷേധം; പ്രതിഷേധക്കാരിൽ നിന്നും 80 കോടി രൂപ നഷ്ടപരിഹാരം ഈടാക്കുമെന്ന് ഇന്ത്യൻ റെയിൽവേ

single-img
30 December 2019

രാജ്യമാകെ നടന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ റെയില്‍വേക്ക് 80 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി റെയില്‍വേ. ഇതിനെ തുടർന്ന് തീവെയ്പ്പിലും അക്രമത്തിലും ഏര്‍പ്പെട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ”പൗരത്വ നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ 80 കോടി രൂപയുടെ റെയില്‍വേ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. അതിൽ തന്നെ 70 കോടി രൂപയുടെ ഈസിറ്റേണ്‍ റെയില്‍വേയ്ക്ക് നാശനഷ്ടമുണ്ടായി.

മാത്രമല്ല, നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയ്ക്ക് 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായി,പ്രതിഷേധക്കാർ പാനലുകള്‍ക്ക് തീയിട്ടു, ട്രെയിൻ സിഗ്‌നലിംഗ് സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അക്രമങ്ങളിൽ ഏര്‍പ്പെട്ടവരില്‍ നിന്ന് ഇത് വീണ്ടെടുക്കും.

ഇപ്പോൾ പറഞ്ഞത് പ്രാഥമിക കണക്കാണ്, അവസാന വിശകലനത്തിനുശേഷം ഈ കണക്ക് ഉയരാന്‍ സാധ്യതയുണ്ട്,’ യാദവ് പറഞ്ഞു. അതേപോലെ തന്നെ കുറ്റവാളികളെ കണ്ടെത്താന്‍ ആര്‍പിഎഫ് ഓരോ സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.