ആദിവാസിയുടെ മൃതദേഹം മുളയില്‍കെട്ടി കൊണ്ടുപോയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

single-img
30 December 2019

കൊച്ചി:ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട ആദിവാസി യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മുളന്തണ്ടില്‍ കെട്ടിത്തൂക്കി കൊണ്ടുപോയ സംഭവം അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കുട്ടമ്പുഴ പഞ്ചായത്തില്‍ കുഞ്ചിപ്പാറ ആദിവാസി ഊരിലെ സോമന്റെ മൃതദേഹമാണ് വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് മുളന്തണ്ടില്‍ കെട്ടിത്തൂക്കി നടന്നുകൊണ്ടുപോയത്. വനത്തിനകത്തെ ആദിവാസി ഊരാണ് കുഞ്ചിപ്പാറ.

വൈദ്യുതിയോ ഗതാഗത സൗകര്യങ്ങളോ ഇവിടെയില്ല. ആത്മഹത്യ ചെയ്ത സോമന്റെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പൊലീസ് ജീപ്പ് വനത്തിനത്തില്‍ സഞ്ചാരയോഗ്യമല്ലായിരുന്നു. ഇതേതുടര്‍ന്നാണ് മൃതദേഹം പായയില്‍ പൊതിഞ്ഞ് മുളന്തണ്ടില്‍ കെട്ടി വനത്തിന് പുറത്തെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആലുവയില്‍ നടക്കാനിരിക്കുന്ന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങ്ങില്‍ കേസ് പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.