ഹെല്‍മെറ്റ് ധരിച്ചില്ല; പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പോലീസ് പിഴ ചുമത്തി

single-img
29 December 2019

യുപിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസർ എസ് ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് പ്രിയങ്ക ഗാന്ധി വദ്രയെ സ്കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പോലീസ് പിഴ ചുമത്തി. ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് 6100 രൂപ പിഴ ചുമത്തിയത്.

ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഓഫീസറുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞിരുന്നു.അതിനെ തുടർന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം പ്രിയങ്ക സ്കൂട്ടറില്‍ യാത്ര തുടരുകയായിരുന്നു. എന്നാൽ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതോടെ യുപി പോലീസ് പിഴ ചുമത്തുകയായിരുന്നു.