‘അന്റെ അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി’ ;സര്‍വ്വകക്ഷി പ്രതിഷേധത്തില്‍ പിണറായി സര്‍ക്കാരിനെതിരെ പ്രസ്താവന നടത്തിയ ഐഷയ്ക്ക് എതിരെ ഇടത് പ്രവര്‍ത്തകര്‍

single-img
29 December 2019

മലപ്പുറം:പൗരത്വഭേദഗതിക്ക് എതിരെ കൊണ്ടോട്ടി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണറാലിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥിനി ഐഷ റെന്നയ്ക്ക് എതിരെ ഇടത് പ്രവര്‍ത്തകരുടെ പരാമര്‍ശം വിവാദമാകുന്നു. ‘അന്റെ അഭിപ്രായം വീട്ടില്‍ പോയി പറയണം’ എന്നാണ് ഇടത് പ്രവര്‍ത്തകര്‍ ഐഷ റെന്നയുടെ അഭിപ്രായപ്രകടനത്തെ കുറിച്ച് പ്രസ്താവിച്ചത്. പൗരത്വപ്രതിഷേധങ്ങളുടെ ഭാഗമായി യുപിയിലും ദില്ലിയിലും ജയിലില്‍ അടച്ചവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായി കേരളത്തില്‍ പിണറായി സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തവരെയും മോചിപ്പിക്കണമെന്ന് ഐഷ റെന്ന ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്.
അതേസമയം സംഘപരിവാര്‍ ഇതരം രാഷ്ട്രീയകക്ഷികളെ പങ്കെടുപ്പിച്ച് ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുന്നതിനെതിരെ ജനകീയപ്രതിഷേധമാണ് നടത്തിയതെന്നും ഒരാളും പ്രസംഗിക്കേണ്ടതില്ലെന്നും ഇന്ത്യന്‍പതാക മാത്രം മതിയെന്നുമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെന്ന് കണ്‍വീനര്‍ ഫൈസല്‍ കൊണ്ടോട്ടി അറിയിച്ചു.

ആയിഷ റെന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ ഏതൊരാളെ പോലെയും നിങ്ങള്‍ക്കും പങ്കെടുക്കാമെന്നും പ്രത്യേക പരിഗണനയോ സംസാരിക്കാന്‍ അവസരമോ ഉണ്ടാകില്ലെന്നും ആദ്യമേ അറിയിച്ചിരുന്നു. വന്‍ ജനപങ്കാളിത്തത്തോടെ നടന്ന പരിപാടി പിരിച്ചുവിട്ടതായി മൈക്കിലൂടെ അറിയിച്ചശേഷം പ്രോഗ്രാം അവസാനിക്കുകുയം ചെയ്തു. ആ സമയത്ത് കൊണ്ടോട്ടി എംഎല്‍എ ജനപ്രതിനിധഇ എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ എയര്‍പോര്‍ട്ട് പിക്കറ്റിങ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. ഈ സമയം ഐഷ റെന്നക്ക് രണ്ട് വാക്ക് പറയാനുണ്ടെന്ന് പറഞ്ഞ് ആരൊക്കെയോ ചേര്‍ന്ന് മൈക്ക് കൊടുപ്പിക്കുകയായിരുന്ു. എന്നാല്‍ സമരസംഘാടകരുടെ പ്രതീക്ഷക്ക് വിരുദ്ധമായാണ് മുസ്ലിം ബഹുജന്‍ പൊളിറ്റിക്‌സിന്റെ എമര്‍ജിങ്ങും ഹര്‍ത്താല്‍ദിന അറസ്റ്റില്‍ പിണറായി സര്‍ക്കാരിനെയും ബിജെപിയെയും സമീകരിച്ചുകൊണ്ട് അവര്‍ സംസാരിച്ചതെന്നും ഫൈസല്‍ കൊണ്ടോട്ടി പറഞ്ഞു.
വിവിധ രാഷ്ട്രീയക്കാര്‍ ഒന്നിച്ച് അണിചേര്‍ന്ന് സമരം നടത്തുമ്പോള്‍ ഒരാള്‍ മാത്രം സമരത്തില്‍ പങ്കാളികളായ ഇടത് രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്നവര്‍ക്ക് എതിരെ സ്വന്തം രാഷ്ട്രീയഅജണ്ട നടപ്പാക്കാനായി ശ്രമിച്ചതാണ് ഇടത് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.ഇതേതുടര്‍ന്നാണ് വിവാദ പരാമര്‍ശം ഉയര്‍ന്നത്.
അതേസമയം ഐഷയുടെ അഭിപ്രായപ്രകടനത്തെയല്ല സംയുക്ത പ്രക്ഷോഭ വേദിയില്‍ സ്വന്തം രാഷ്ട്രീയം കടത്തിവിടാനുള്ള ശ്രമത്തിനെതിരെയാണ് പ്രതിഷേധിച്ചത് എന്ന് ഇടത് പവര്‍ത്തകര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിരെ കടുത്ത എതിര്‍പ്പാണ് സമൂഹമാധ്യമങ്ങളിലും നേരിടുന്നത്. അതേസമയം ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്ന് സിപിഐഎം ജില്ലാ സമിതി അറിയിച്ചു.