പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത പ്രമേയം; കേരള നിയമസഭ അടിയന്തര സമ്മേളനം ചേരും

single-img
29 December 2019

സംസ്ഥാന നിയമസഭയുടെ അടിയന്തര സമ്മേളനം മറ്റന്നാള്‍ വിളിച്ചു ചേര്‍ക്കുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ സംയുക്ത പ്രമേയം പാസാക്കും. ഇതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും നിയമസഭ അംഗീകാരം നല്‍കും.

കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും നിയമസഭ പ്രമേയം പാസാക്കും. കേരളത്തില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള സംവരണം നീട്ടി നല്‍കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

മറ്റുള്ള പാര്‍ട്ടികളുടെ നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ചു. ഇത് സര്‍ക്കാരും അംഗീകരിച്ചതോടെയാണ് പൗരത്വ നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കി കൊണ്ട് പ്രമേയം പാസാക്കാന്‍ തീരുമാനമായത്.