പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം; ഒറ്റ പൈസ പോലും യുപി സര്‍ക്കാരിന് നഷ്ടപരിഹാരമായി അടക്കരുതെന്ന് മുസ്‌ലിം ലീഗ്

single-img
29 December 2019

കോടതിയുടെ ഉത്തരവില്ലാതെ ഒറ്റ പൈസ പോലും യുപി സര്‍ക്കാരിന് നഷ്ടപരിഹാരമായി അടക്കരുതെന്ന് സംസ്ഥാത്തെ മുസ്‌ലിം ജനവിഭാഗങ്ങളോട് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്.

യുപിയിൽ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയവരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചു എന്ന കുറ്റം ചാര്‍ത്തി നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് മുസ്‌ലിം ലീഗ്പ്രതികരണവുമായി എത്തിയത്. ആരോപണം കോടതിയില്‍ തെളിയിക്കപ്പെടാതെ ഒരാളെയും കലാപകാരി എന്ന് വിശേഷിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് ബഷീര്‍ അഹമ്മദ് പറഞ്ഞു.

മാത്രമല്ല, പ്രതിഷേധത്തിൽ രണ്ട് ഡസനിലധികം പേരെ പോലീസ് കൊലപ്പെടുത്തിയതില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിമുഖ്യമന്ത്രി യോഗി ആദിത്യനാഥ് സെക്ഷന്‍ 144 സംസ്ഥാനത്തൊട്ടാകെ പ്രഖ്യാപിക്കുകയും പ്രതികാരം ചെയ്യാന്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തി പോലീസിനെ ഇളക്കിവിടുകയാണെന്നും മുസ്‌ലിം ലീഗ് ആരോപിച്ചു. കേന്ദ്ര സർക്കാർ പൗരത്വ നിയമം പിന്‍വലിക്കുന്നത് വരെ പാര്‍ട്ടി സമാധാനപൂര്‍വ്വമായ പ്രക്ഷോഭം തുടരുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.