പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചു; ബിഎസ്‌പി എം‌എൽഎയെ സസ്പെന്‍റ് ചെയ്തു

single-img
29 December 2019

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ബി.എസ്‌പി എം‌എൽ.എയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്തു. പാർട്ടി അധ്യക്ഷ മായാവതിയാണ് മധ്യപ്രദേശിലെ പത്താരിയയിൽ നിന്നുള്ള രമാഭായ്പരിഹാറിനെ സസ്പെന്‍റ് ചെയതത്.

ഇതിനെ തുടർന്ന് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനും രമാഭായിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബിഎസ്പി എന്നത് വളരെ അച്ചടക്കമുള്ള പാർട്ടിയാണെന്നും, അത് ലംഘിച്ചാൽ പാർട്ടിയുടെ എംപി, എം‌എൽ.എ തുടങ്ങിയവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്നും മായാവതി ട്വീറ്റ് ചെയ്തു.

കേന്ദ്ര സർക്കാരിന്റെ ഭരണഘടന വിരുദ്ധമായ പൗരത്വ നിയമത്തെ തുടക്കം മുതൽ തന്നെ ബിഎസ്പി എതിർത്തിരുന്നു. നിയമത്തിനെതിരെ പാർട്ടി രാഷ്ട്രപതിക്ക് നിവേദനവും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ രമാഭായ് പൗരത്വ നിയമത്തെ പിന്തുണക്കുകയാണുണ്ടായതെന്നും പാർട്ടിക്ക് വിധേയയായി പ്രവർത്തിക്കാൻ അവര്‍ക്ക് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മായാവതി ട്വീറ്റ് ചെയ്യുകയുണ്ടായി..