പ്രധാനമന്ത്രി അസമില്‍ കാലുകുത്തിയാല്‍ വന്‍ പ്രക്ഷോഭം നടത്തും; മുന്നറിയിപ്പ് നല്‍കി ഓള്‍ അസം സ്റ്റുഡന്റ് യൂണിയന്‍

single-img
29 December 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി അസമില്‍ കാലുകുത്തിയാല്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന മുന്നറിയിപ്പുമായി ആള്‍ അസം സ്റ്റുഡന്റ് യൂണിയന്‍(എഎഎസ്‌യു) . പ്രധാനമന്ത്രി അസമില്‍ നടക്കുന്ന ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനത്തിന് എത്തുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് വിദ്യാര്‍ത്ഥി യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി എത്തിയാല്‍ എത്തരത്തിലുള്ള പ്രതിഷേധമാണ് തങ്ങള്‍ നടത്താന്‍ പോകുന്നതെന്ന കാര്യം യൂണിയന്‍ തുറന്ന് പറഞ്ഞിട്ടില്ല.

സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിയില്‍ ഖേലോ ഇന്ത്യ ഗെയിംസ് ജനുവരി 10 മുതല്‍ 22 വരെയാണ് നടക്കുക. ഇപ്പോഴും തീവ്രതയോടെ അസമില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഗെയിംസിനെത്തുമോ എന്ന കാര്യത്തില്‍ ഇതുവരേയും അന്തിമ തീരുമാനമായിട്ടില്ല.

‘നരേന്ദ്ര മോദിയും അമിത് ഷായും അസമിനെ നശിപ്പിക്കുന്നു. ഇതും കണ്ടുകൊണ്ട്‌ ഞങ്ങള്‍ വെറുതെയിരിക്കില്ല. സിഎഎക്കെതിരായുള്ള പോരാട്ടം ഇനിയും തുടരും. സംസ്ഥാനമാകെ ജനാധിപത്യപരമായ രീതിയില്‍ സമരവും അതോടൊപ്പം സുപ്രീം കോടതിയില്‍ നിയമപരമായ പോരാട്ടവും നടത്തും’- എഎഎസ്‌യു പ്രസിഡന്റ് പറഞ്ഞു.