രാഷ്ട്രീയക്കാര്‍ എന്ത് ചെയ്യണമെന്ന് പറയേണ്ടത് സൈന്യത്തിന്റെ പണിയല്ല; സൈനിക മേധാവിക്കെതിരെ പി ചിദംബരം

single-img
28 December 2019

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളില്‍ രാഷ്ട്രീയമായി അഭിപ്രായം പറഞ്ഞ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സൈനിക സ്വന്തം പണി മാത്രം നോക്കി ഇരുന്നാല്‍ മതിയെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

കേന്ദ്ര നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരെ നേതാവെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നാണ് ഒരു പൊതു പരിപാടിയില്‍ സൈനിക മേധാവി അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ക്ക് എങ്ങിനെ ജോലി ചെയ്യണമെന്ന് രാഷ്ട്രീയക്കാരല്ല പറഞ്ഞുകൊടുക്കുന്നതെന്ന് ചിംദബരം ഓര്‍മ്മിപ്പിച്ചു.

‘സർക്കാർ ഡിജിപിയോടും, സൈനിക മേധാവിയോടും സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇത് വളരെ നാണക്കേടാണ്. ജനറല്‍ റാവത്ത് സൈന്യത്തെ നയിക്കുന്ന വ്യക്തിയാണ്, അദ്ദേഹം സ്വന്തം പണി നോക്കിയാല്‍ മതി’, ചിദംബരം പറഞ്ഞു.

രാഷ്ട്രീയക്കാര്‍ എങ്ങിനെ. എന്ത് ചെയ്യണമെന്ന് പറയേണ്ടത് സൈന്യത്തിന്റെ പണിയല്ല. സൈനികരോട് യുദ്ധത്തിൽ എങ്ങിനെ പോരാടണമെന്ന് ഞങ്ങള്‍ പറഞ്ഞ് തരേണ്ടതില്ല എന്നത് പോലെയാണത്, അദ്ദേഹം ഓർമിപ്പിച്ചു. കേന്ദ്ര സർക്കാർ പൗരത്വ നിയമം റദ്ദാക്കി, ദേശീയ പൗരത്വ രജിസ്റ്റര്‍ നിര്‍ത്തലാക്കുന്നത് വരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും ചിദംബരം പ്രസ്താവിച്ചു.