ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ കേരളാ സർക്കാർ പരാജയം; കേന്ദ്രം ഇടപെടുമെന്ന് എംടി രമേശ്

single-img
28 December 2019

കണ്ണൂരിൽ നടക്കുന്ന ദേശീയ ചരിത്ര കോൺഗ്രസിനിടെ സംസ്ഥാന ഗവർണർക്കെതിരെ ഉയർന്ന പ്രതിഷേധത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. രാഷ്ട്രപതി നിയമിച്ച ഗവർണർക്ക് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

“ശക്തമായ സുരക്ഷയാണ് സംസ്ഥാന സർക്കാർ ഗവർണർക്ക് നൽകേണ്ടത്. ഗവർണർ ഇന്ന് കണ്ണൂരിലെത്തിയപ്പോൾ മുതൽ പ്രതിഷേധം ഉണ്ടായി. അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഗവർണർക്ക് സുരക്ഷ നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ഗവർണർക്ക് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ, സുരക്ഷയൊരുക്കാൻ കേന്ദ്രം ഇടപെടും. ആ രീതിയിലുള്ള സാഹചര്യത്തിലേക്ക് പോകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമില്ല,” എംടി രമേശ് പറഞ്ഞു.

“കേന്ദ്ര സർക്കാരിന്റെ ഒരു പ്രതിനിധിക്ക് കേരളത്തിൽ നിർബാധം സഞ്ചരിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കുന്നില്ലെങ്കിൽ, കേന്ദ്രത്തിന് അതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. കണ്ണൂരിൽ ഇന്ന് ഗവർണറെ കൈയ്യേറ്റം ചെയ്യാൻ ശ്രമം നടന്നു. ഗവർണറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷും രാജ്യസഭാംഗം കെകെ രാഗേഷുമാണ്. ചുരുക്കത്തിൽ അവിടെസർക്കാർ സ്പോൺസേർഡ് സമരമാണ് നടന്നത്.” അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം തന്നെ ഗവർണ്ണർക്കെതിരായ പ്രതിഷേധം ആസൂത്രിതമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആരോപിച്ചു.