ബിജെപിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപണം; അസമിൽ 426 മുസ്ലീം കുടുംബങ്ങളെ വീടുകൾ തകര്‍ത്ത് ഇറക്കിവിട്ടു

single-img
28 December 2019

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടുചെയ്തില്ലെന്ന് ആരോപിച്ച് 426 മുസ്ലീം കുടുംബങ്ങളെ അസ്സമില്‍ അവര്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ബിജെപി എംഎൽഎ കുടിയിറക്കിവിട്ടതായി റിപ്പോര്‍ട്ട്. കുടുംബങ്ങളെ ബലമായി വീട്ടില്‍നിന്ന് പിടിച്ചിറക്കിവിട്ടതിന് പുറമെ ഇവരുടെ വീടുകള്‍ അധികൃതര്‍ ഇടിച്ചുതകര്‍ത്തുകളഞ്ഞു.

അസമിലെ ബിശ്വനാഥില്‍ ഡിസംബര്‍ ആറിനാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ദേശീയമാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പുറത്തു വന്നത്. ഇവിടെയുള്ള 426 കുടുംബങ്ങളിലായി 1800 പേരാണ് ഇതോടെ കിടപ്പാടം നഷ്ടപ്പെട്ടവരായി മാറിയത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വപട്ടികയില്‍ പേരുള്ളവരാണ് ഇവര്‍ എല്ലാവരും. ഡിസംബറിലെ ശക്തമായ തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളോ കഴിക്കാന്‍ ഭക്ഷണമോ ഇവരുടെ പക്കലില്ല എന്നാണ് റിപ്പോർട്ടുകൾ.

ബിശ്വനാഥിലെ ബിജെപി എംഎല്‍എയായ പദ്മഹസാരികയാണ് ഇതിന് പിന്നിലെന്ന് ജമാഅത്തെ ഇ ഇസ്ലാമി ഹിന്ദ് സംഘടനയുടെ സെക്രട്ടറി മുഹമ്മദ് അഹ്മദ് പറയുന്നു. ഈ കുടുംബങ്ങൾ തനിക്ക് വോട്ടുചെയ്യുന്നവരല്ലെന്ന് ആരോപിച്ചാണ് എംഎല്‍എ ഇവരെ വീട്ടില് നിന്ന് പിടിച്ചിറക്കിവിട്ട് വീടുകള്‍ തകര്‍ത്തത്. അതുപോലെ തന്നെ എംഎല്‍എയാണ് തങ്ങളെ ആക്രമിച്ചതെന്ന് ബാധിക്കപ്പെട്ട മുസ്ലീം കുടുംബങ്ങളും പറയുന്നു.