നാഗ്പൂരിലിരുന്ന് അസമിനെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി

single-img
28 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്ന അസമിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംസ്‌കാരത്തെയും ആക്രമിക്കാന്‍ ആര്‍എസ്എസ്സിനെയും ബിജെപിയെയും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാഗ്പൂരിലിരുന്നുകൊണ്ട് അസമിനെ നിയന്ത്രിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിക്കുന്നതിനിടെ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ബിജെപി തയ്യാറാവുന്നില്ലെന്നും ബിജെപി എല്ലായിടത്തും വിദ്വേഷം പ്രചരപ്പിക്കുകയാണെന്നും ഗുവാഹത്തിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു.

അസമിലുള്ള യുവാക്കള്‍ പ്രതിഷേധിക്കുകയാണ്. രാജ്യത്തെ മറ്റുള്ള സംസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. നിങ്ങളെന്തിനാണ് പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലാന്‍ ആഗ്രഹിക്കുന്നത്. രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന ‘ഭരണഘടനയെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ ക്യാമ്പയിനിന്റെ ഭാഗമായാണ് രാഹുല്‍ അസമിലെത്തിയത്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രത്തെയും സംസ്‌കാരത്തെയും അടിച്ചമര്‍ത്താം എന്നാണ് അവര്‍ കരുതുന്നത്- രാഹുൽ പറയുന്നു.