രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല: സിദ്ധാര്‍ത്ഥ്‌

single-img
28 December 2019

പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാന്‍ താൻ ആഗ്രാജിക്കുന്നില്ല എന്ന പ്രതികരണവുമായി നടൻ സിദ്ധാർത്ഥ്‌. സംസാരിക്കാതിരുന്നാൽ മാത്രമേ സിനിമ ലഭിക്കുകയുള്ളൂ എന്നെങ്കില്‍ എനിക്കാ സിനിമ വേണ്ട എന്നതാണ് സര്‍ക്കാരിനെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടില്ലേ എന്ന ചോദ്യത്തിന് തന്റെ മറുപടി എന്നും നടൻ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

ഞാൻ ഒരു 21വയസുകാരനല്ല. അതിനാൽ തന്നെ അധികം സംസാരിക്കുന്ന ഒരു കുട്ടി എന്ന് ആരെങ്കിലും വിളിക്കുന്നതിനെ ഞാന്‍ ഭയപ്പെടുന്നില്ല. ഈ സമയം ഞാന്‍ സംസാരിച്ചില്ലെങ്കില്‍ എനിക്ക് കുറ്റബോധം തോന്നും. ഭാഗ്യത്താൽ ദൈവവും ഈ രാജ്യവും എനിക്ക് ഒരുപാട് നല്‍കിയിട്ടുണ്ട്. അത്തരത്തിൽ പ്രിവിലേജുകളുള്ള എന്നെപ്പോലെ ഒരാള്‍ സംസാരിച്ചില്ലെങ്കില്‍ പിന്നെ ഈ രാജ്യത്തിന്റെ അവസ്ഥ എന്താകും?.

ഇവിടെ ഒരാളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് ഞാനാര്‍ക്കും ക്ലാസെടുത്ത് കൊടുക്കുന്നില്ല. എന്നാൽ എനിക്ക് ഇങ്ങനെയല്ലാതെ ജീവിക്കാനും അറിയില്ല. ഇക്കാലമത്രയും ആ കാരണം കൊണ്ട് എനിക്കെന്റെ തൊഴിലില്‍ യാതൊരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ല. ഒരുപക്ഷെ ഇനി അങ്ങനെ സംഭവിക്കും എന്നും ഞാന്‍ കരുതുന്നില്ല. കാരണം ഇതുവരെ അത്തരത്തിലല്ല എനിക്കെന്റെ സിനിമകള്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്.

എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകള്‍ നടത്തി ജോലി നേടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ പറഞ്ഞേനെ, കാര്യങ്ങള്‍ നന്നായി പോകുന്നു, പിന്നെന്തിനാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്ന്’ സിദ്ധാര്‍ത്ഥ് പറയുന്നു. താൻ കോളേജില്‍ പഠിക്കുന്ന കാലത്തും ഇങ്ങനെ തന്നെയായിരുന്നു താനെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇപ്പോഴും തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല.

നമ്മുടെ രാജ്യത്തിൽ ഓരോ ദിവസവും നമ്മുടെ രക്തം തിളപ്പിക്കുന്ന എന്തെങ്കിലും സംഭവിക്കുകയും നമ്മള്‍ വളര്‍ന്ന ഇന്ത്യയില്‍ ഇത് സംഭവിക്കുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലാണ് നാം ജിവിക്കുന്നതെന്നത് എന്ന് നിര്‍ഭാഗ്യകരമാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. നിലവിൽ തമിഴ്നാട്ടില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിദ്ധാര്‍ത്ഥ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു.