വലയ സൂര്യഗ്രഹണം ഇന്ന്;വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് പൂര്‍ണതോതില്‍ കാണാം

single-img
26 December 2019

കോഴിക്കോട്:ശാസ്ത്രലോകം ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്ന ‘വലയ സൂര്യഗ്രഹണം’ ഇന്ന് . രാവിലെ എട്ടുമണിയോടെ വലയ സൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമായി തുടങ്ങും. 11.30ന് അവസാനിക്കുകയും ചെയ്യുന്ന ഈ അപൂര്‍വ്വ പ്രതിഭാസം കാസര്‍കോഡ്,കോഴിക്കോട്,കണ്ണൂര്‍,വയനാട് ജില്ലകളിലുള്ളവര്‍ക്ക് പൂര്‍ണമായും കാണാനാകും. തൃശൂര്‍ ,പാലക്കാട് ഭാഗങ്ങളില്‍ ഭാഗികമായും കാഴ്ചകള്‍ ലഭിക്കും.

കേരളത്തില്‍ എല്ലാജില്ലകളിലും സൂര്യബിംബത്തിന്റെ 87 മുതല്‍ 93ശതമാനം വരെ മറഞ്ഞിരിക്കുന്നത് ദൃശ്യമാകും. സൗദി അറേബ്യ മുതല്‍ പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയസൂര്യഗ്രഹണം ദൃശ്യമാകുക. കേരളം കൂടാതെ ഇന്ത്യയില്‍ തെക്കന്‍ കര്‍ണാടക,മദ്ധ്യതമിഴ്‌നാട്ടിലും വലയഗ്രഹണത്തിന്റെ ദൃശ്യങ്ങള്‍ കാണാം.സൂര്യനെ നഗ്നനേത്രങ്ങള്‍ക്കൊണ്ടോ പതിവ് രീതിയായ എക്‌സറേ ഷീറ്റുകളാലോ സണ്‍ഗ്ലാസ് ഉപയോഗിച്ചോ വീക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് തന്നിട്ടുണ്ട്. മൈലാര്‍ ഷീപ്പ് ഉപയോഗിച്ചുള്ള സൗരകണ്ണടകള്‍ ഉപയോഗിക്കാമെങ്കിലും ഗുണനിലവാരം ഉറപ്പാക്കേണ്ടതാണ്. ഏത് രീതിയിലായാലും തുടര്‍ച്ചയായി സൂര്യനെ നോക്കികൊണ്ടിരിക്കുന്നത് അപകടമുണ്ടാക്കുമെന്നും അറിയിപ്പുണ്ട്.