പിണറായിയേയും ചെന്നിത്തലയേയും ഡിറ്റൻഷൻ സെൻറുകളിലാക്കണം: ബി ഗോപാലകൃഷ്ണന്‍

single-img
26 December 2019

മുഖ്യമന്ത്രി പിണറായിയേയും പ്രതിപക്ഷ നേതാവ് ചെന്നിത്തലയേയും ഡിറ്റൻഷൻ സെൻറുകളിലാക്കണമെന്നും പിണറായി വിജയനെ കൊണ്ടു തന്നെ ബിജെപി കേരളത്തില്‍ എന്‍പിആര്‍ നടപ്പിലാക്കിക്കുമെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കേന്ദ്ര സർക്കാർ രാജ്യത്ത് നടത്തുന്ന സർവേയായ ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന പിണറായി വിജയന്‍റെ നിലപാടിനോട് രൂക്ഷമായ ഭാഷയിലാണ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് ബിജെപി നേതാവ് സംസാരിച്ചത്.

നടപ്പാക്കില്ലെന്ന് പറഞ്ഞ പിണറായിയെ കൊണ്ട് തന്നെഎൻപിആര്‍ ബിജെപി നടപ്പാക്കും.അല്ലെങ്കിൽ സംസ്ഥാനത്തിന് റേഷൻ കിട്ടില്ല. കേരളത്തിലെ ലീഗ് നേതാക്കൾ മതഭീകരവാദികളെ കയറൂരി വിടുകയാണ്. ഇവിടെ കാര്യങ്ങൾ കൈവിട്ട് പോയാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും.

സംസ്ഥാനത്തെത്തിയ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ പിണറായി വിജയൻ ഗൂഢാലോചന നടത്തി. പ്രതിഷേധക്കാർക്ക് മുൻപിൽ വാഹനം നിർത്തിക്കൊടുത്ത ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.അതേപോലെ തന്നെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്ഥാനിലേക്ക് പോകേണ്ടി വരും.

സർവ്വേയ്ക്ക് എത്തുന്നവരോട് കളവ് പറയാൻ ആഹ്വാനം ചെയ്ത അരുദ്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടത്.അതേപോലെ കേരളത്തിൽ പൗരത്വ ബില്ലിനെതിരെ സമരം നടത്തിയ സിനിമാക്കാർക്ക് നേതൃത്വം നൽകിയത് കമൽ എന്ന വർഗീയവാദിയാണ്. സംസ്ഥാന ചലചിത്ര അക്കാദമി പ്രവർത്തിക്കുന്നത് മോദി കൊടുക്കുന്ന പണം കൊണ്ടാണ് എന്ന് ഓര്‍ക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.