കാമുകനൊപ്പം കറങ്ങാന്‍ പോയി;വീട്ടുകാരെ പറ്റിക്കാന്‍ തട്ടിക്കൊണ്ടു പോകല്‍ കഥ, കയ്യോടെ പിടികൂടി പൊലീസ്

single-img
26 December 2019

നാഗ്പൂര്‍: കാമുകനോടൊപ്പം കറങ്ങാന്‍ പോയത് വീട്ടുകാരറിയാതി രിക്കാന്‍ അതിബുദ്ധി കാണിച്ച വിദ്യാര്‍ഥിനി കുരുങ്ങി. സംഭവം പൊലീസിന്റെ അടുത്തെത്തിയതോടെയാണ് വിദ്യാര്‍ഥിനിയുടെ കള്ളക്കളി പുറത്തു വന്നത്. മഹാരാഷ്ട്രയിലെ ഗിറ്റിഖാദന്‍ സ്‌റ്റേഷനിലാണ് സംഭവം.

ഒരു സംഘം തന്നെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായാണ് 21 കാരിയും മാതാപിതാക്കളും പൊലീസ് സ്റ്റേഷനിലെത്തിയത്. കോളേജില്‍ നിന്ന് മടങ്ങും വഴിയാണ് തട്ടിക്കൊണ്ടു പോയതെന്നും ആള്‍ താമസമില്ലാത്ത സ്ഥലത്ത് എത്തിച്ചെന്നും അവിടെ നിന്ന് എങ്ങനെയോ രക്ഷപെട്ടെന്നുമാണ് പരാതിയില്‍ പറഞ്ഞത്.

നാഗ് പൂര്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ സഹകരണത്തോടെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കാര്യമായ തെളിവൊന്നും ലഭിച്ചില്ല. പെണ്‍കുട്ടിയുടെ മൊഴികളില്‍ വൈരുധ്യം തോന്നിയ പൊലീസ് കോളേജിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.ഇതോടെ സത്യം കണ്ടെത്തി. ക്ലാസുകഴിഞ്ഞ് പെണ്‍കുട്ടി ഒരു യുവാവിന്റെ ബൈക്കിനു പിറകില്‍ കയറി പോകുന്ന ദൃശ്യങ്ങളാണ് ഉള്ളത്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സത്യം പറഞ്ഞു. കാമുകനൊപ്പം പോയത് വീട്ടുകാര്‍ അറിയാതിരിക്കാനാണ് കള്ളം പറഞ്ഞതെന്നും. കഥ വിശ്വസിച്ച് വീട്ടുകാര്‍ കൂടുതല്‍ അന്വേഷണത്തിന് പോകില്ലെന്നും കരുതിയതായി പെണ്‍കുട്ടി പറഞ്ഞു.