സച്ചിന്റെ എക്സ് കാറ്റഗറി സുരക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു

single-img
25 December 2019

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സുരക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇതുവരെ സച്ചിന് നല്‍കിയിരുന്ന എക്സ് കാറ്റഗറി സുരക്ഷയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്.

സംസ്ഥാനത്തെ പ്രമുഖർക്കുള്ള സുരക്ഷ ഭിഷണിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന സമിതിയുടെ നിര്‍ദേശപ്രകാരമാണ് സർക്കാർ സച്ചിന്റെ സുരക്ഷ കുറച്ചത്. മഹാരാത്രയിൽ നിന്നുള്ള സച്ചിന്‍, ആദിത്യ താക്കറെ എന്നിവരുള്‍പ്പെടെ 90 പേരുടെ സുരക്ഷയാണ് സമിതി വിലയിരുത്തിയത്.

ഇതിൽ സച്ചിന്റെ സുരക്ഷ കുറച്ചപ്പോള്‍ ആദിത്യ താക്കറെയുടെ സുരക്ഷ ഇസഡ് കാറ്റഗറി ആയി ഉയര്‍ത്തി. രാഷ്ട്രം നൽകിയ ഭാരതരത്ന അവാര്‍ഡ് ജേതാവ് കൂടിയായ സച്ചിന് എക്സ് കാറ്റഗറി സുരക്ഷപ്രകാരം മുഴുവന്‍ സമയവും ഒരു പോലിസുകാരന്റെ സേവനം ലഭ്യമായിരുന്നു.പുതിയ തീരുമാന പ്രകാരം ഇനി മുതല്‍ വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ മാത്രമെ രാജ്യസഭാംഗം കൂടിയായ സച്ചിന് പോലീസ് എസ്കോര്‍ട്ട് ഉണ്ടാവുകയുള്ളു. സച്ചിന് പുറമെ കഴിഞ്ഞ ബിജെപി മന്ത്രിസഭയിലുണ്ടായിരുന്ന നിരവധി പ്രമുഖരുടെയും സുരക്ഷ വെട്ടിക്കുറച്ചിട്ടുണ്ട്.