ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ ഹേമന്ത് സോറനെ ഗവർണർ ക്ഷണിച്ചു; സത്യപ്രതിജ്ഞ 29ന്

single-img
25 December 2019

നിയമ സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ ജാർഖണ്ഡ് മുക്തി മോർച്ചാ നേതാവ് ഹേമന്ത് സോറനെ ഗവർണർ ക്ഷണിച്ചു. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞദിവസം സോറൻ ഗവർണർ ദ്രൗപദി മുർമുവിനെ നേരിട്ടു കണ്ട് അവകാശമുന്നയിച്ചിരുന്നു.

ഗവര്‍ണറെ കണ്ട് 50 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന്‍ അവകാശപ്പെട്ടതിനെ അംഗീകരിച്ചാണ് നടപടി. നിയമ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സോറന്റെ പാർട്ടി 30 സീറ്റുകളിലാണ് വിജയിച്ചത്. ഇതോടൊപ്പം സഖ്യകക്ഷിയായ കോൺഗ്രസ് 16 സീറ്റുകളിൽ വിജയിക്കുകയുംമറ്റൊരു സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദൾ ഒരു സീറ്റിലും വിജയിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ ആകെ 47 എംഎൽഎമാരുടെ പിന്തുണ സഖ്യത്തിൽ മാത്രമുണ്ട്. ഇതിന് പുറമെയാണ് ബാബുലാൽ മറാണ്ടിയുടെ ജാർഖണ്ഡ് വികാസ് മോർച്ചയുടെ മൂന്ന് എംഎൽഎമാരുടെ പിന്തുണ. ‘സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന രഘുബർ ദാസിനെ ജംഷഡ്പൂർ ഈസ്റ്റ് മണ്ഡലത്തിൽ നിന്നും തോൽപ്പിച്ച സ്വതന്ത്ര സ്ഥാനാർത്ഥി സരയൂ റോയിയും സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഈ മാസം 29 ഞായറാഴ്ചയാണ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.